തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കുന്നു. ഇതുസംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് ഗതാഗത വകുപ്പ് നിർദേശം നൽകി. കേന്ദ്ര സർക്കാരിന്റെ 2023-ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ നിലവിലെ ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി.
ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ ഇതുസംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ 2021 മുതൽ സംസ്ഥാനത്ത് നിലവിലുള്ള ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറനിയമത്തിൽ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം നിർബന്ധമാക്കിയിട്ടില്ല.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങളില്ലാതെ കേരളത്തിൽ സർവീസ് നടത്തുന്നുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമുള്ള കളർ കോഡ് നിയന്ത്രണം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
ഇതിൽ അന്തിമ തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിക്കാണ്. റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് 2021 ഓഗസ്റ്റ് 11ന് എല്‍എംവി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഏകീകൃത കളര്‍ കോഡ് നിര്‍ബന്ധമാക്കിയത്.
അതേസമയം വാഹനങ്ങളുടെ ബോഡിയിലും ഗ്ലാസുകളിലും നടന്മാരുടെ ഭീമന് ചിത്രങ്ങളോ പോസ്റ്ററുകളോ പതിക്കാന്‍ പാടില്ലെന്ന ഹൈക്കോടതിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. 2022 ഒക്ടോബറില്‍ വടക്കഞ്ചേരി ബസ് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഒമ്പതുപേര്‍ മരിച്ചതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.